10:05pm 09 November 2026
NEWS
പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി സുധാകരൻ
15/05/2025  05:11 AM IST
nila
പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സിപിഎം നേതാവ് ജി സുധാകരൻ

ആലപ്പുഴ: പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ 26 വർഷം മുമ്പ് നടത്തിയ തെരഞ്ഞെടുപ്പ് തിരിമറി‌ സംബന്ധിച്ചാണ് ജി സുധാകരൻ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. 

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണു താനടുങ്ങുന്ന സിപിഎം നേതാക്കൾ 26 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്. 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. അന്ന് ആലപ്പുഴയിൽ സിപിഎം നേതാവ് കെ വി ദേവദാസും കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമനും തമ്മിലായിരുന്നു മത്സരം. കാൽലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം അന്നു വിജയിച്ചത്. അന്നു സിപിഎം സർവീസ് സംഘനടകളിലെ അംഗങ്ങളിൽ നല്ലൊരു ശതമാനവും കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തെന്നാണ് ജി സുധാകരൻ ഇപ്പോൾ ആരോപിക്കുന്നത്.

സുധാകരന്റെ വാക്കുകൾ: 

‘‘സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്‌ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്നു പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സർവീസ് സംഘനടകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു’’.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img